ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും തൈറോയ്ഡിന്റെ ആരോഗ്യത്തിന് ഇതാണ് പ്രധാനം
സമ്മര്‍ദ്ദകരമായ ജീവിതം നയിക്കുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗവും. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നതും ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ആശങ്കകളുമാണ്. ഇതു നയിക്കുന്നത് വിവിധ ജീവിതശൈലി രോഗങ്ങളിലേക്കാണ്. ഇത്തരത്തിലുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഒരു ഹോര്‍മോണ്‍ പ്രശ്‌നമാണ്, ഇത് പ്രായഭേദമില്ലാതെ രാജ്യമെമ്പാടുമുള്ള ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്നുണ്ട്.
ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്റെ മുന്‍വശത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ അവയവമാണിത്. ശരീരത്തിലെ മറ്റ് ഗ്രന്ഥികളെപ്പോലെ, തൈറോയ്ഡും ഹോര്‍മോണുകള്‍ ഉണ്ടാക്കുന്നു. പ്രധാനമായും തൈറോക്‌സിന്‍, ഇത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും വളര്‍ച്ചയും വികാസവും നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പല സുപ്രധാന പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അത് ആരോഗ്യത്തെ ബാധിക്കും. ശരീരം വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുവെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം എന്ന അവസ്ഥയുണ്ടാകാം. അതുപോലെ വളരെ കുറച്ച് ഉത്പാദിപ്പിച്ചാല്‍ അത് ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിക്കും.
ഹൈപ്പോതൈറോയിഡിസമായാലും ഹൈപ്പര്‍തൈറോയിഡിസമായാലും അത് സ്വയംപ്രതിരോധമാണ്. അതായത് ശരീരത്തിന്റെ സ്വന്തം രോഗപ്രതിരോധവ്യവസ്ഥ സ്വന്തം ടിഷ്യൂകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉത്കണ്ഠ, ഭക്ഷണക്രമം തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ രോഗപ്രതിരോധ സംവിധാനങ്ങള്‍ സഹകരിക്കുകയും ടിഷ്യൂകള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 'സമീകൃത ആഹാരം കഴിക്കുക, നന്നായി ഉറങ്ങുക, ശരീരത്തിന് വിശ്രമിക്കാന്‍ മതിയായ സമയം നല്‍കുക, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് തുടരുക. ഇവയാണ് തൈറോയ്ഡിനുള്ള പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സമ്മര്‍ദ്ദം നിയന്ത്രിച്ച് ശാന്തമായിരിക്കുക എന്നതാണ് ഒരു വ്യക്തിയുടെ ക്ഷേമത്തിന് അടിസ്ഥാനമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ആരോഗ്യത്തോടെയിരിക്കാന്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.